"Subha" - Veedu (Home) an Odyssey into the history
1976 ജൂൺ 11. കൃത്യം അമ്പത് വർഷങ്ങൾക്ക് മുൻപ്, ഇതേയൊരു ജൂൺ 11-നായിരുന്നു നമ്മുടെ "ശുഭ" വീടിൻ്റെ ഗൃഹപ്രവേശം! വാടക വീട്ടിലെ പരിമിതികളിൽ നിന്നും പണിതീരാത്ത ഒരു ഒറ്റമുറിയിലേക്ക്, മഴ മാറി നിന്ന ഒരു ഇടവമാസ പുലരിയിൽ, ഒക്കത്തൊരു നിറകുടവുമായി, നീല സാരിയുടുത്ത്, ശുഭപ്രതീക്ഷകളുടെ ഭാവിയിലേക്ക് അമ്മ വലതുകാൽ വെച്ചുകയറിയ ആ സുദിനം! അന്ന്, മുറ്റത്ത് അമ്മയ്ക്കും അച്ഛനും കൂട്ടായി ഒരുപാട് സഹപ്രവർത്തകരായ മാഷന്മാരും ടീച്ചർമാരുമുണ്ടായിരുന്നു. പിരായിരിയിലെ വേണു മാഷ്, നാരായണൻ മാഷ്, രാജൻ പാലക്കാട്, നമ്പ്യാർ മാഷ്, വേലായുധൻ മാഷ്, ചില രാഷ്ട്രീയ നേതാക്കന്മാർ, പിന്നെ പ്യൂൺ സുന്ദരേട്ടൻ... ഓർമ്മയിൽ തെളിയുന്ന മുഖങ്ങൾ ഇവരൊക്കെയാണ്. ഇന്ന് നീണ്ട അരനൂറ്റാണ്ട് പിന്നിടുമ്പോൾ, നമ്മളോടൊപ്പം വളർന്ന നമ്മുടെ ഈ വീടിനും കാണും ഒരുപാട് ചരിത്രങ്ങളും ഓർമ്മകളും പറയാൻ...! 1973-76 കാലഘട്ടം...! നവക്കോടിലെ ‘കേരള കാപ്പി’ (കുഞ്ചത്ത) ലൈൻ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാലം. ആകെയുള്ളത് ഒരു മുറിയും അടുക്കളയും പിന്നെ വരാന്തയും മാത്രം! മുൻവശത്ത് വാതിലില്ല. പകരം, അക്കങ്ങൾ എഴുതിയ പലകകൾ അടുക്കിവെച്ച്, നീളത്തിലുള്ള ഒരു ക...