Home!

 1976 ജൂൺ 11.

കൃത്യം അമ്പത് വർഷങ്ങൾക്ക് മുൻപ്, ഇതേയൊരു ജൂൺ 11-നായിരുന്നു നമ്മുടെ "ശുഭ" വീടിൻ്റെ ഗൃഹപ്രവേശം!

വാടകവീട്ടിലെ പരിമിതികളിൽ നിന്നും പണിതീരാത്ത ഒരു ഒറ്റമുറിയിലേക്ക്, മഴ മാറി നിന്ന ഒരു ഇടവമാസ പുലരിയിൽ,  ഒക്കത്തൊരു നിറകുടവുമായി, നീല സാരിയുടുത്ത്, ശുഭപ്രതീക്ഷകളുടെ ഭാവിയിലേക്ക് അമ്മ വലതുകാൽ വെച്ചുകയറിയ ആ സുദിനം! 

അന്ന്, മുറ്റത്ത് അമ്മയ്ക്കും അച്ഛനും കൂട്ടായി ഒരുപാട് സഹപ്രവർത്തകരായ മാഷന്മാരും ടീച്ചർമാരുമുണ്ടായിരുന്നു. പിരായിരിയിലെ വേണു മാഷ്, നാരായണൻ മാഷ്, രാജൻ പാലക്കാട്, നമ്പ്യാർ മാഷ്, വേലായുധൻ മാഷ്, ചില രാഷ്ട്രീയ നേതാക്കന്മാർ, പിന്നെ പ്യൂൺ സുന്ദരേട്ടൻ... ഓർമ്മയിൽ തെളിയുന്ന മുഖങ്ങൾ ഇവരൊക്കെയാണ്.

ഇന്ന് നീണ്ട അരനൂറ്റാണ്ട് പിന്നിടുമ്പോൾ, നമ്മളോടൊപ്പം വളർന്ന നമ്മുടെ ഈ വീടിനും കാണും ഒരുപാട് ചരിത്രങ്ങളും ഓർമ്മകളും പറയാൻ...! 

1973-76 കാലഘട്ടം...!

നവക്കോടിലെ ‘കേരള കാപ്പി’ (കുഞ്ചത്ത) ലൈൻ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കാലം. ആകെയുള്ളത് ഒരു മുറിയും അടുക്കളയും പിന്നെ വരാന്തയും മാത്രം! മുൻവശത്ത് വാതിലില്ല. പകരം, അക്കങ്ങൾ എഴുതിയ പലകകൾ അടുക്കിവെച്ച്, നീളത്തിലുള്ള ഒരു കമ്പിയിട്ട് എല്ലാ പലകകളും ഒരുമിച്ച് ചേർത്ത് പൂട്ടണമായിരുന്നു.

വാടക വീട്


വീടിന് മുൻവശത്ത് ഒരു കരിങ്കൽ അത്താണിയും അതിനടുത്തായി ഒരു ഉങ്ങുമരവും ഉണ്ടായിരുന്നു. പുറകു വശത്താകട്ടെ, ലൈൻ വീട്ടിലെ എല്ലാ അന്തേവാസികൾക്കുമായി വാതിലില്ലാത്ത ഒരു കുളിമുറിയും, മറ്റൊരു വശത്ത് ഒരു കിണറുമുണ്ടായിരുന്നു. കുളിക്കുമ്പോൾ, സാരിയോ, മുണ്ടോ ഉപയോഗിച്ച് കുളിമുറിയുടെ വാതിൽ ഭാഗം  മറക്കണം! 

മലമ്പുഴ കനാലിൻ്റെ കൈവഴി മറ്റാവശ്യങ്ങൾക്കായി വീടിൻ്റെ പുറകുവശത്തുകൂടെ ഒഴുകിയിരുന്നു.

അങ്ങനെ വാടകവീട്ടിൽ കഴിഞ്ഞുകൂടുമ്പോഴാണ് വലിയ ചാത്തിയേട്ടൻ്റെ (രാമൻകുട്ടിയുടെ അപ്പൻ) കറ്റക്കളത്തിന് വശത്തുള്ള പാതയോരത്തെ 8 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക് വന്നതും അച്ഛൻ അത് വാങ്ങിയതും. സെൻ്റിന് വെറും 100 രൂപ!സ്ഥലത്തിന് ചുറ്റും വേലി കെട്ടി പെട്ടെന്ന് തന്നെ അവിടെ കിണർ കുഴിച്ചു, 

ഭാഗ്യത്തിന് വെള്ളവും കണ്ടു. ഉടനെ വീടുപണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. കമ്മാന്തറയിലെ മൂത്താശാരി തറയ്ക്കുള്ള കുറ്റിയടിച്ചു, പൂജ കഴിഞ്ഞു. പൂജയ്ക്ക് ശേഷം അവലും പൊരിയും പൊട്ടുകടലയും ശർക്കരയും തേങ്ങാപൂളും വിതരണം ചെയ്തു. അന്ന് ഏകദേശം 3 വയസ്സുള്ള,  കൈക്കുഞ്ഞായിരുന്ന സാബുവിൻ്റെ കൈയിൽ നിന്നും ഞാൻ തേങ്ങാക്കൊത്ത് തട്ടിപ്പറിച്ചപ്പോൾ അവൻ നിർത്താതെ കരയാൻ തുടങ്ങി. ശ്വാസം വിടാതെയുള്ള കരച്ചിൽ! പെട്ടെന്ന് അവൻ്റെ ശരീരം മുഴുവൻ നീലനിറമായി. അച്ഛൻ അവനെ പുറത്തുതട്ടി ശക്തമായി കുലുക്കുന്നുണ്ടായിരുന്നു; അമ്മ ഉറക്കെ നിലവിളിക്കുന്നു. അവിടെ തറ വെട്ടുന്ന പണിയിലായിരുന്ന മുത്തു ഏട്ടൻ ഓടിവന്ന് മുഖത്ത് വെള്ളം തളിച്ചു. എല്ലാവരുടെയും ശ്രമഫലമായി സാബുവിന് ശ്വാസം തിരികെ കിട്ടി, അവൻ സാധാരണ നിലയിലായി. എങ്കിലും അവൻ്റെ കരച്ചിൽ മാറിയിരുന്നില്ല. അപ്പോഴേക്കും പേടിച്ചുവിറച്ചുപോയ ഞാൻ ഒരു വശത്ത് നിൽപ്പുണ്ടായിരുന്നു- വിഷമം മാറാതെ! 

ഇതാണ് ഏകദേശം അര നൂറ്റാണ്ട് പിന്നിട്ട നമ്മുടെ "ശുഭ" വീട്ടിൻ്റെ  ഏറ്റവും പഴക്കവും ആദ്യത്തേതും ആയ എൻ്റെ ഓർമ്മ.

വീടുപണി പെട്ടെന്ന് തന്നെ പുരോഗമിച്ചു കൊണ്ടിരുന്നു...! ചെങ്കല്ല് സപ്ലൈ, കല്ലേകാട്ടിലെ ചെല്ലേട്ടൻ്റെ ചൂളയിൽ നിന്ന്, KPC ഇഷ്ടികകൾ കൊണ്ട് വന്നിരുന്നത്, കാള വണ്ടികളിൽ...!  ആവശ്യാനുസരണം സിമൻ്റ് കൊടുന്തിരപ്പുള്ളി യിലെ TV യുടെ കടയിൽ നിന്നു  കറമ്പക്കാട് മണിയേട്ടൻ സൈക്കിളിൽ എത്തിക്കും...ആവശ്യത്തിന് മണൽ നമ്മുടെ സ്വന്തം പുഴയിൽ നിന്നും! മായേട്ടൻറെ കാളവണ്ടിയിൽ പുഴയിൽ നിന്നും മണൽ വാരാൻ ഒരുപാട് തവണ പോയത്  ഇന്നും ഓർമ! അങ്ങനെ കൊണ്ട് വന്നിരുന്ന നനഞ്ഞ മണൽ, കമ്പിവല പോലെയുള്ള അരിപ്പയിൽ തൂകി വലിയ കല്ലുകൾ വേർപെടുത്തുന്ന പണി കാണുവാൻ നല്ല കൗതുകം ആയിരുന്നു.

കല്ല് കെട്ട് പണിക്കാർ  കോമേട്ടനും, ചെല്ലേട്ടനും നാരായണേട്ടനും...! ഇവർ പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട VIP കളായിരുന്നു.! ഇവർ പണി ചെയ്യാത്ത വീടുകളില്ല, പിരായിരിയിൽ. ആശാരിമാർ, മുരുകനാശാരിയും, സുബ്രഹ്മണ്യ ആശാരിയും, ബാലേട്ടനും, ! 

വീട് പതുക്കെ ഉയർന്നു കൊണ്ടിരുന്നു...മുൻവശത്തെ രണ്ട് മുറികൾ കോൺക്രീറ്റും, അതിനു പിന്നിലെ രണ്ടു മുറികൾ ഓടു പാകിയതും ആയിട്ടാണ് പ്ലാൻ. അടുക്കള ഭാഗവും അതിന് തൊട്ടുള്ള  ചായിപ്പും ഓട് തന്നെ..! 


AI Image of Early "Subha"

ഉദ്ദേശിച്ച ഗ്രഹ പ്രവേശ ദിവസത്തിൻ്റെ തലേന്നു രാത്രിയായിട്ടുപോലും പണികൾ പൂർത്തിയായിരുന്നില്ല. രാത്രി വൈകും വരെ റാന്തൽ വിളക്കിൻ്റെ മങ്ങിയ വെളിച്ചത്തിൽ നടുവിലത്തെ മുറിയുടെ നിലം പണി നടന്നുകൊണ്ടേയിരുന്നു. അന്ന് സിമൻ്റിട്ട് പൂർണ്ണമായി ഉണങ്ങാത്ത നിലത്ത്  ആരുടെയോ  കാൽപാടുകൾ അറിയാതെ പതിഞ്ഞതിൻ്റെ അടയാളം വർഷങ്ങളോളം ആ മുറിയിൽ അങ്ങനെ തന്നെയുണ്ടായിരുന്നു...! 

ചുമരുകൾ സിമന്റ് തേച്ചിട്ടുണ്ടായിരുന്നില്ല അന്ന്. നമ്മുടെ വീട്ടിൽ മാത്രമല്ല, അടുത്ത വീടുകളിലെങ്ങും കറന്റുമില്ല. ഇരിക്കാനായി ആകെയുണ്ടായിരുന്നത് രണ്ട് മരക്കസേരകൾ മാത്രം. വർഷങ്ങൾക്ക് ശേഷമാണ് രംഗൻ മാഷ് മുഖേന ലോണിൽ, മടക്കിവെക്കാവുന്ന 6 നീല ഇരുമ്പ് കസേരകളും ഒരു ടീപ്പോയും വാങ്ങുന്നത്.

എന്തൊക്കെ കുറവുകളുണ്ടായിരുന്നെങ്കിലും നമ്മളെല്ലാവരും സന്തോഷത്തിലായിരുന്നു. പിന്നീട് ഓരോ വർഷവും വീട്ടിൽ ചെറിയ ചെറിയ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ചുമരുകൾ സിമന്റ് തേച്ചു മിനുക്കി, നിലത്ത് റെഡ് ഓക്സൈഡ് പാകി. വീടിരുന്ന 8 സെന്റിലേക്ക് 4 സെന്റ് കൂടി കൂട്ടിച്ചേർത്തു. പുറകുവശത്ത് ടോയ്‌ലറ്റ് വന്നു.

ഒടുവിൽ വീട്ടിലേക്ക് കറന്റ് വന്ന ദിവസം ശരിക്കുമൊരു ആഘോഷമായിരുന്നു! ആദ്യമായി കോളിംഗ് ബെൽ അടിക്കാനുള്ള ആവേശത്തിൽ ഞങ്ങളെല്ലാവരും വരിവരിയായി നിന്നു. അന്ന് ബെൽ സ്വിച്ചിലേക്ക് കൈയെത്താതിരുന്നതുകൊണ്ട് മണിയടിക്കാൻ മുതിർന്നവരുടെ സഹായം തേടേണ്ടി വന്നിരുന്നു. പിന്നാലെ ജനലുകൾക്ക് വാതിലുകൾ വന്നു, തൊഴുത്തും പശുവും വന്നു... അങ്ങനെ ഓരോ വർഷം കഴിയുമ്പോഴും വീടിന് പുതിയ പുതിയ സൗകര്യങ്ങളായി.

വീടിനൊപ്പം അവിടുത്തെ അന്തേവാസികളായ ഞങ്ങൾക്കും മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. അച്ഛൻ പഞ്ചായത്ത് പ്രസിഡന്റും, ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ഏരിയ കമ്മിറ്റി മെമ്പറുമായി. അങ്ങനെ ഒരു ദിവസം നവകോടിലെ ആദ്യത്തെ ഫോൺ കണക്ഷൻ "ശുഭ" യിലേക്ക്...അതും ഒന്നല്ല, രണ്ട് കണക്ഷന്. ടെലിഫോൺ നമ്പർ : 6799 and 6788.  പിൽക്കാലത്ത് ഈ ഫോൺ നമ്പർ 25099 ആയും പിന്നെ 535099 ആയും "വികസനം" പൂകി.

ആ കാലത്താണ് നായനാർ ഗവൺമെൻറ് കർഷക തൊഴിലാളികൾക്ക് പെൻഷൻ അനുവദിച്ചു പ്രഖ്യാപനം നടത്തിയത്. അതിന് ശേഷം  പിരായിരി പഞ്ചായത്തിലെ ഒട്ടുമിക്ക വൃദ്ധ ജനങ്ങളും വീട്ടിലെ സന്ദർശകരായി. അവരുടെ പെൻഷൻ പേപ്പർ തയ്യാറാക്കി കൊടുക്കുന്നതിൽ എനിക്ക് വല്ലാത്ത ഒരു ആവേശം ഉണ്ടായിരുന്നു. ഒരു ചെറിയ പഞ്ചായത്ത് ഓഫീസ് ആയി തന്നെ "ശുഭ" വീടിൻ്റെ കോലായി മാറി. 40 രൂപ പെൻഷൻ കിട്ടിയതിന് ശേഷം, വീട്ടിലേക്ക് വാഴക്കുല, പച്ചക്കറി ഇത്യാദി  സമ്മാനങ്ങളുമായി വന്ന ചിലരെ അച്ഛൻ സന്തോഷത്തോടെ തിരിച്ചയച്ചതും കണ്ണിൽ തെളിയുന്നു. 

"ശുഭ" യിലെ പ്രധാനപ്പെട്ട മറ്റൊരു അംഗം നന്ദിനി പശുവിനും ഉണ്ടായിരുന്നു പ്രത്യേകത...! പ്രസവിക്കാതെ തന്നെ  മാസങ്ങളോളം പാൽ ചുരത്തി തന്നിരുന്ന അവൾ, അന്നത്തെ പത്രത്തിൽ വാർത്തയായി വന്നിരുന്നു.

ഞങ്ങൾ SNUP സ്കൂളിൽ നിന്നും പാലക്കാട് മിഷൻ ഹൈസ്കൂളിലേക്ക് ചേക്കേറി. അമ്മയ്ക്ക് പിരായിരിയിൽ നിന്നും കൊടുന്തിരപ്പുള്ളി എൽ.പി സ്കൂളിലേക്കും, പിന്നീട് പി.എം.ജി സ്കൂളിലേക്കും സ്ഥലംമാറ്റം ലഭിച്ചു.

ഞാൻ സ്കൂൾ പഠനം കഴിഞ്ഞ് വിക്ടോറിയ കോളേജിൽ ചേർന്നു. ഇതെല്ലാം "ശുഭ"യിൽ താമസം തുടങ്ങി വെറും പത്ത് വർഷത്തിനുള്ളിലായിരുന്നു.

അധികം വൈകാതെ, വെറും പതിനാറാം വയസ്സിൽ ഇന്ത്യൻ നേവിയിൽ ജോലി ലഭിച്ച് ഞാൻ യാത്ര തിരിച്ചു. വികാരനിർഭരമായൊരു വേർപിരിയലായിരുന്നു അത്! അന്ന് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ രംഗം, ഇന്നുമോർക്കുമ്പോൾ കൺകോണുകളിൽ ഈറനണിയിക്കാതെ കടന്നുപോകാറില്ല.

1986 Dec 19. 

എൻ്റെ പ്രവാസത്തിൻ്റെ ആരംഭം!

അന്നാണ് ഞാൻ കോഴിക്കോട് BRO യിലേക്ക്, നേവിയിൽ ചേരാനായി പെട്ടികളും കിടക്കയും ഒക്കെ ആയി ഒലവക്കോടിൽ നിന്നും ട്രെയിൻ കയറിയത്. പിന്നീട് "ശുഭ" യിലേക്കുള്ള എൻ്റെ വരവും താമസവും വർഷത്തിൽ 2 മാസം ആയി പരിമിതപ്പെട്ടു.

തൊട്ടടുത്ത വർഷം നമ്മുടെ കുടുംബത്തിലെ തന്നെയും കൊടുന്തിരപ്പുള്ളി ഭാഗത്തെയും ആദ്യത്തെ എൻജിനീയറിങ് വിദ്യാർത്ഥി "ശുഭ"യിൽ നിന്നും ബസ് കയറി അകത്തേത്തറ എൻജിനീയറിങ് കോളേജിലേക്ക് യാത്ര തുടങ്ങി. അഭിമാനം!

കൂടെ, നമ്മുടെ "ശുഭ"യിലെ ശുഭയും വളർന്ന് മിഷൻ സ്കൂൾ വഴി വിക്ടോറിയ കോളേജിലെത്തിയിരുന്നു! Pre Degree, BCom ....!

Minister MVR at "Subha" for Subha's marriage
പിന്നീടുള്ള ദശകങ്ങൾ, "ശുഭ" യില് ആഘോഷങ്ങൾ തന്നെ. കല്യാണങ്ങളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും കാലം! ! ഇതിനിടക്ക്, Saji ചേച്ചിയും കുടുംബവും "ശുഭ" യില് അംഗങ്ങളായി.  അക്കാലത്ത് തന്നെ, വീട്ടിൻ്റെ മച്ചിലെ വട്ടക്കമ്പി കൊളുത്തിൽ   ആദ്യത്തെ ആട്ട് തൊട്ടിൽ കെട്ടപ്പെട്ടു - കുഞ്ഞുമോൾക്കായിട്ട്!

കൂടാതെ, "ശുഭ"ക്ക് കൂട്ടായി "ചാന്ദ്നി" എന്ന സ്വപ്നവും രൂപവും ഉയർന്നുവരാൻ തുടങ്ങി. 

അതിനൊപ്പം തന്നെ,  'സി. എച്ച്. കണാരൻ സ്മാരകം' എന്ന പാർട്ടി ഓഫീസ്  തിരികെ വാങ്ങി (അതിൻ്റെ പിന്നിലെ ചരിത്രം വേറെത്തന്നെ എഴുതേണ്ടതുണ്ട്).

'ശുഭ'യും വളരുകയായിരുന്നു...!

താഴെ പുതിയൊരു മുറി എടുത്തു, മുകളിൽ ഒന്നാം നില പണികഴിപ്പിച്ചു. പഴയ തൊഴുത്ത് പൊളിച്ചുമാറ്റി അടുക്കളയും ചായ്പും ആധുനിക രീതിയിലാക്കി. കുളിമുറി വീടിനകത്തേക്ക് മാറി. കാലപ്പഴക്കം ചെന്ന റെഡ് ഓക്സൈഡ് തറകൾ സെറാമിക് ടൈലുകൾക്ക് വഴിമാറി. ജനലുകളിൽ ഭംഗിയുള്ള കർട്ടനുകൾ തൂങ്ങി... അങ്ങനെ വീട് പൂർണ്ണമായും പുതുമോടിയിലായി!

കുടുംബ സമേതമുള്ള ഒരു രാമേശ്വര യാത്രക്ക് ശേഷം, ഡയറിയിൽ "അങ്ങനെ യാത്ര അവസാനിപ്പിച്ചു" എന്ന അറം പറ്റുന്ന വാക്കുകൾ അവസാനമായി എഴുതിച്ചേർത്തു അച്ഛൻ പോയി- "ശുഭ" യുടെ 35 മത്തെ ആണ്ടിൽ. അദൃശ്യമായ അഛൻ്റെ സാമീപ്യം,  ഒരു പക്ഷേ "ശുഭ" യും അനുഭവിക്കുന്നുണ്ടാവും... ഞങ്ങളെ പോലെ തന്നെ! 

അമ്പത് വർഷങ്ങളുടെ ദൂരത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ, ആ പഴയ ഒറ്റമുറിയിൽ നിന്നാണ് നമ്മുടെ വർത്തമാനകാലത്തെ എല്ലാ നേട്ടങ്ങളും മുളപൊട്ടിയതെന്ന് തിരിച്ചറിയുന്നു.

"ശുഭ" കുറെ ചുമരുകളുള്ള ഒരു കെട്ടിടമല്ല;  നമ്മുടെ വിയർപ്പും സ്വപ്നങ്ങളും വീഴ്ചകളും അതിജീവനവും ഒപ്പിയെടുത്ത ഒരു ചരിത്ര പുസ്തകമാണ്. ആ ചുമരുകളിൽ നിന്നും ആ ചിത്രങ്ങൾ വായിച്ചെടുക്കാം! 

പച്ചപിടിച്ച ജീവിതസാഹചര്യങ്ങളിലേക്ക് നമ്മൾ വളർന്നപ്പോഴും, ആ പഴയ റെഡ് ഓക്സൈഡ് നിലവും കറന്റില്ലാത്ത രാത്രികളും തന്ന ലാളിത്യമാണ് നമ്മുടെ അടിത്തറ. 

അന്ന് കോളിംഗ് ബെല്ലിനായി കൈപൊക്കി നിന്ന കുട്ടികളിൽ നിന്നും, ഇന്ന് സ്വന്തം കാലിൽ നിൽക്കുന്ന വലിയ മനുഷ്യരിലേക്ക് നമ്മൾ വളർന്നത് ഈ മേൽക്കൂരയുടെ തണലിലാണ്.

എത്രയൊക്കെ പുതിയ മാറ്റങ്ങളും ആധുനിക സൗകര്യങ്ങളും വന്നാലും, ആ നീല സാരിയുടുത്ത് അമ്മ വലതുകാൽ വെച്ചുകയറിയ നിമിഷത്തിന്റെ പവിത്രത മറ്റൊന്നിനുമില്ല.

കാലത്തിന്റെ പ്രയാണത്തിൽ അച്ഛനും അമ്മയും നമുക്കായി പകർന്നുതന്ന ആത്മവിശ്വാസത്തിന്റെ വെളിച്ചമാണ് ഇന്നും നമ്മെ മുന്നോട്ട് നയിക്കുന്നത്.

ഓരോ കല്ലിലും നമ്മുടെ കുടുംബത്തിന്റെ സ്നേഹവും ഐക്യവും കോറിയിട്ട "ശുഭ", വരുംതലമുറകൾക്കും വഴിവിളക്കായി നിലകൊള്ളും.

അതെ, തലമുറകളുടെ കഥ പറയുന്ന നമ്മുടെ ഈ വലിയ കൂടാരം—നമ്മുടെ "ശുഭ"—എന്നും നമ്മുടെ അഭിമാനവും ശാന്തതയുമാണ്.

അൻപതാണ്ട് പിന്നിടുന്ന ഈ സുദിനത്തിൽ, ഈ വീടിന്റെ ഓരോ കോണിനോടും അതിലെ ഓർമ്മകളോടും ഹൃദയം നിറഞ്ഞ നന്ദി മാത്രം.

 
 





ബാബു 

"ശുഭ" 

നവക്കോട്. 

കൊടുന്തിരപ്പുള്ളി. 

പാലക്കാട്.





Comments

Popular posts from this blog

89 Class Artificers and the ‘Get-Together Saga’ - Part 2 (2024 - Organising and Arrival Funs)

89 Class Artificers and the ‘Get-Together Saga’ - Part 4- 89 - Growing Memories

In Tribute to Kargil Vijay Diwas!