മന്ദത്ത് പറമ്പിലെ പെൺകുട്ടികൾ.

1950-60 കാലത്ത്, പാലക്കാട് മുണ്ടൂരിലെ വിശ്വകർമ സമുദായത്തിലെ തട്ടാന്മാരും ആശാരിമാരും, തണ്ടാന്മാരും ഒക്കെ ഒരു കുഞ്ഞു പ്രദേശത്തിൽ ഒരുമിച്ചു ആയിരുന്നു താമസിച്ചു പോന്നിരുന്നത്.സ്വർണപണി കുലത്തൊഴിൽ ആയി ചെയ്തു പോന്നിരുന്ന തട്ടാന്മാർ താമസിക്കുന്ന ദേശം, തട്ടാത്തറ എന്നും ആശാരിമാർ താമസിച്ചു പോന്ന ദേശം ആശാരിത്തറ എന്നും വിളിക്കപ്പെട്ടു. ചിലയിടങ്ങളിൽ കമ്മാന്തറ എന്നും.തറയിൽ, കുറെ അധികം ചേട്ടാനിയന്മാരുടെ കുടുംബങ്ങൾ ഒരുമയോടെ ജീവിച്ചു പോന്നു - കുടുംബ ഭഗവതി മന്ദത്ത് ദേവിയുടെ അനുഗ്രഹത്താൽ!ഇവരുടെ വീടുകൾക്ക് ഇടയിൽ, അതിരുകളോ വേലികളോ ഉണ്ടായിരുന്നില്ല...! മൂന്നോ നാലോ വീടുകൾക്ക് ഒരു നടുമുറ്റം മാത്രം. കുറേ വീടുകൾക്ക് ഒരു കിണർ മാത്രം. വീട്ടിൽ TV ഇല്ലാത്തതിനാൽ , കിണറ്റിൻ കര പ്രാദേശിക വാർത്ത പ്രക്ഷേപണ കേന്ദ്രങ്ങൾ ആയി...കുട്ടികൾ എല്ലാരും ഒരുമിച്ചു പഠിച്ചു കളിച്ചു, ഉള്ളത് പങ്ക് വെച്ച് തിന്നു വളർന്നു. ഇവരുടെ എല്ലാരുടെയും വീട്ടു പേര്, "മന്ദത്ത് പറമ്പ്".തട്ടാൻ ശ്രീ അരുണാചലം കാരണവർ ആയിരുന്ന കുടുംബത്തിലെ, മൂന്ന് സഹോദരങ്ങൾ ആയിരുന്നു, അപ്പുക്കുട്ടനും, ചാമിക്കുട്ടിയും, അച്യുതനും. അപ്പുക്കുട്ടൻ്റെയും ചാമിക്കുട്ടിയുടെയും വീട്ടിലെ അംഗസംഖ്യ കൂടിയത് പ്രകാരം, സൗകര്യാർഥം, ഇവർ, "തറ" യിൽ നിന്ന് വേർപെട്ടു, പാതയോരത്ത് സ്ഥലം വാങ്ങി പുതിയ വീടുകൾ വെച്ച് പാർക്കാൻ തുടങ്ങി.! വേർപാട് ഭൗതികം മാത്രം...! തറയിലെ ചെറിയച്ചൻ - വല്യച്ഛൻ വീടുകളുമായി ഉണ്ടായിരുന്ന ബന്ധം നിർബാധം തുടർന്ന് കൊണ്ടേ ഇരുന്നു...! അന്നത്തെ കുട്ടികൾ, അവരെ കൊഞ്ചിച്ച് , കൈ പിടിച്ചു elementary പള്ളിക്കൂടത്തിൽ കൊണ്ട് പോയിരുന്ന അപ്പൂപ്പന്മാരുമായി ഇപ്പോളും സമ്പർക്കം തുടരുന്നു. അങ്ങനെ ഒരു അപ്പൂപ്പനാണ് മുണ്ടൂർ രാവുണ്ണി അപ്പൂപ്പൻ. അരുണാചലം ആചാരിയുടെ സഹോദരൻമാരുടെ മക്കളിൽ ഒരാളാണ് മുണ്ടൂർ രാവുണ്ണി. ഈ ബന്ധങ്ങളുടെ ആർദ്രതയും, ഊഷ്മളതയും, ഏകദേശം 6-7 പതിറ്റാണ്ടുകൾക്ക് ശേഷവും ഒട്ടും ശോഷിക്കാതെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു...സാക്ഷ്യം ഈ ചിത്രം.. 2025 നവംബർ മാസത്തിൽ എടുത്ത ഫോട്ടോ ആണിത്.. ചിത്രത്തിൽ, സപ്തതിപരരായ അപ്പുക്കുട്ടൻ മകൾ സുന്ദരിയും, (അതേ...സുന്ദരി തന്നെ) ചാമിക്കുട്ടി മകൾ ശാന്തയും, അച്യുതൻ്റെ മകൾ മാലിനിയും തങ്ങളുടെ അപ്പൂപ്പൻ മുണ്ടൂർ രാവുണ്ണിയോടൊപ്പം. സ്ഥലം നല്ലേപ്പിള്ളി, പാലക്കാട്. പശ്ചാത്തലം: അച്യുതൻ്റെ മകൾ മാലിനി...അങ്ങ് ബോംബെക്ക് അടുത്തുള്ള പൂനയില് ആണ് താമസം. വർഷങ്ങളോളം മിലിട്ടറി നഴ്സിങ് യൂണിറ്റിൽ സ്തുത്യർഹ സേവനം കഴിഞ്ഞു കെർണൽ പദവിയിൽ വിരമിച്ച മാലിനി , മക്കളോടൊപ്പം പുണെയിൽ വിശ്രമമില്ലാത്ത റിട്ടയർമെൻ്റ് ജീവിതം ആസ്വദിച്ചു കഴിയുന്നു...! കുറേ യാത്രകളും അവയ്ക്കിടയിലുള്ള കുറച്ചു സമയം അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പുകളുമായി ആനന്ദകരമായ ജീവിതം. യൂറോപ്പും, സൗത്ത് ഈസ്റ്റ് ഏഷ്യയും ഒക്കെ നേരത്തെ തന്നെ കക്ഷി കവർ ചെയ്തു..കുറേ വടക്കേ ഇന്ത്യ യാത്ര കഴിയുമ്പോൾ പിന്നെയാണ്, ഒരു പ്രൗഢ ഗംഭീരമായ തൃശൂർ പൂര ശൈലിയിൽ തിടമ്പേറ്റിയ തെച്ചിക്കോട്ട് രാമചന്ദ്രൻ്റെ ഒരു അടിച്ചുപൊളി "തെക്കോട്ടിറക്കം". കൂടെ ചിലപ്പോൾ കൂട്ടുകാരികളും ഉണ്ടാകും. മാലിനി കേരളത്തിൽ വന്നാൽ, പിന്നെ ആകെ ഒരു ഇളക്കി മറിക്കൽ ആണ്..ഒരു വിധം എല്ലാ ദൈവങ്ങളുമായും appointment book ചെയ്തിട്ടാണ് വരവ്. കഴിഞ്ഞ വർഷം ശബരിമല ചവിട്ടി അയ്യപ്പനെ കണ്ട് തൊഴുത് വന്നെങ്കിൽ, ഇപ്രാവശ്യത്തെ വരവിൽ, ഗുരുവായൂർ കണ്ണനെയും തിരുവില്വാമല ശ്രീരാമനെയും, നാലമ്പല ദൈവങ്ങളെയും, തിരുമാന്ധാംകുന്ന് മുതൽ പാലക്കുഴി , മൂകാംബിക ദേവിമാരെയും കണ്ട് തൊഴുതി, തൃപ്തി അടയാൻ, തീരുമാനിച്ചു ഉറച്ചു തന്നയാണ് വന്നത്...അതെല്ലാം സകല ദൈവങ്ങളുടെയും കൃപാനുഗ്രഹങ്ങളാൽ സംതൃപ്തിയോടെ തന്നെ സാക്ഷാൽകരിക്കാനും സാധിച്ചു.മാലിനി ഒരു പ്രതിഭാസം തന്നെ!! പോസിറ്റീവ് എനർജി സമം മാലിനി. മാലിനി വരുന്നുണ്ടെന്ന് അറിഞ്ഞാൽ ചേച്ചി ചാമിക്കുട്ടി മകൾ ശാന്തക്ക് ആഹ്ലാദം നിറഞ്ഞ ഒരു വേവലാതി ആണ്. മാലിനിയുടെ ഭാഷയിൽ, ശാന്തയെ "ഹൈജാക്ക് " ചെയ്തു കൂടെ കൊണ്ടുപോകും... എവിടേക്കായാലും. "ശാന്ചി" (ശാന്ത ചേച്ചി ലോപിച്ച് ) യുടെ മുടക്കാത്ത ദിനചര്യകളിൽ ഒന്നു മാലിനിയുടെ നിത്യേന ഉള്ള ഫോൺ വിളികൾ ആണ്. മണിക്കൂറുകൾ സംസാരിച്ചാലും പിന്നെയും ബാക്കി ഉണ്ടാവും, കൂട്ടം കൂടാൻ! രണ്ടാളും, കുടുംബത്തിലെ മൂത്ത സന്തതികൾ ആയിരുന്നതിനാൽ, കൂടപ്പിറപ്പുകൾ ഒരു അമ്മ സ്ഥാനം ആണ് രണ്ട് പേർക്കും നൽകിയിരിക്കുന്നത്. അവരുടെ കുട്ടികളും, പേരക്കുട്ടികളും ഒക്കെയായി ഒരുപാട് പേരുള്ളത് കൊണ്ട്, സംസാര വിഷയത്തിന് ദാരിദ്രമില്ല.മാലിനി നാട്ടിൽ വരുമ്പോൾ, മുണ്ടൂരിന് അടുത്തുള്ള ഒരു റിസോർട്ടിൽ ആണ് താമസം. അതാണത്രേ സൗകര്യം. പാലക്കാട് എത്തിയ ശേഷം നേരെ, കൊടുന്തിരപ്പുള്ളിയില് വന്നു ശാന്ചി യും കൂട്ടി റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തു. രണ്ടുപേരും, റിസോർട്ടിൽ രണ്ടു മൂന്നു ദിവസം spa യും massage ഉം ഒക്കെ ആയി പണ്ടത്തെ കാര്യങ്ങളും മറ്റും പറഞ്ഞു നേരം കളഞ്ഞു. അങ്ങനെയാണ് കല്ലേപ്പുള്ളി വഴി നല്ലേപ്പുള്ളിയിലേക്കു പോകാനുള്ള പ്ലാനിംഗ് നടന്നത്. കല്ലേപ്പുള്ളിയിലാണ്, നമ്മുടെ മൂന്നാമത്തെ കഥാപാത്രം താമസിക്കുന്നത്... അപ്പുക്കുട്ടൻ മകൾ സുന്ദരി. ഷേക്സ്പിയർ പറഞ്ഞത് "പേരിൽ എന്തിരിക്കുന്നു" എന്നാണെങ്കിൽ, സുന്ദരിയെ കാണുമ്പോൾ തോന്നും അയാൾക്ക് തെറ്റി എന്ന്...! പേര് പോലെ തന്നെ സുന്ദരിയും കൂടെ ആരോഗ്യവതിയും ആണ് നമ്മുടെ സുന്ദരി. ഒറ്റക്കാണ് താമസം. കല്ലേപ്പുള്ളിക്കാർ നല്ല ഇഡ്ഡലി കഴിക്കണമെങ്കിൽ, സുന്ദരി കനിയണം. ദിവസവും 10-15 കിലോ അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് കുതിർത്ത്, വൈകുന്നേരം അരച്ചു ഇഡ്ഡലി മാവു ആക്കി ആവശ്യക്കാർക്ക് അളന്നു കൊടുക്കുന്ന ഒരു സ്വയം തൊഴിൽ സംവിധാനം കഴിഞ്ഞ 1-2 പതിറ്റാണ്ടുകാലത്തോളം നോക്കി നടത്തുന്നു...എല്ലാം ഒറ്റക്ക്. അപ്രതീക്ഷിതമായി അനിയത്തിമാരെ കണ്ട സുന്ദരിക്ക്, ആശ്ചര്യവും സന്തോഷവും, കരച്ചിലും, വെപ്രാളവും അടക്കാനായില്ല. . " ഔ...ന്നാലും ഒന്നു പറഞ്ഞിട്ടു വന്നൂടെയോ... തെന്താത്" ആകെ വെട്ടും വെടിപ്പും ഇല്ലാണ്ട് കെടക്കാണ്." .അങ്ങനെ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടുള്ള പാലക്കാടിൻ്റെ തനതായ ശൈലിയിലുള്ള പ്രതികരണം.!ആദ്യത്തെ വികാരതള്ളിച്ചക്ക് ശേഷം,സഹോദരിമാർ മനോനില വീണ്ടെടുത്തു. മാലിനി തങ്ങളുടെ വരവിൻ്റെ ഉദ്ദേശം പറഞ്ഞു...നീ വരുണ് ണ്ടോ നല്ലേപ്പിള്ളിക്ക്? ...ഞങ്ങൾ രാവുണ്ണി അപ്പൂപ്പനെ കാണാൻ പോകയാണ്".സുന്ദരി എപ്പോഴേ റെഡി. ഇതാണ് ഈ യാത്രയുടെയും, ഫോട്ടോയുടെയും പശ്ചാത്തലം!നാട്ടിലുള്ളവർ, ഇടക്കിടക്ക് അന്യോന്യം സന്ദർശിച്ചു വിശേഷങ്ങൾ പങ്കിടുന്നത് സാധാരണമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളും വിരളമായി കഴിഞ്ഞിരിക്കുന്നു. വിശേഷാവസരങ്ങളിൽ തമ്മിൽ കണ്ടാലായി. അത് കൊണ്ട് തന്നെ, അമ്മയും, സുന്ദരി വല്ല്യമ്മയും, മാലിനി ചേച്ചിയും (ചെറിയമ്മ ആണെങ്കിലും ചെറുപ്പം മുതലേ ചേച്ചി എന്നാണ് വിളിച്ചു ശീലിച്ചത്) ഒരുമിച്ചു രാവുണ്ണി അപ്പൂപ്പനെ സന്ദർശിച്ചത്, മനസ്സിന് വല്ലാത്തൊരു കുളിര് തരുന്ന അനുഭവം ആയിരുന്നു. കാലത്തിൻ്റെ വിരാമമില്ലാത്ത ഒഴുക്കിലും ബന്ധങ്ങളുടെ ചൂടും ചൂരും നഷ്ടപ്പെടാതെ വർഷങ്ങളുടെ കഥകൾ ചുമക്കുന്ന ഹൃദയങ്ങളുമായി, ഒരു ലളിതമായ സന്ദർശനം. വീടിൻ്റെ തിണ്ണയിൽ കൈ കുത്തിയിരുന്നും കെട്ടിപ്പിടിച്ചും കൈകൾ കോർത്തിരുന്നും കുശലം പറഞ്ഞും കുറച്ചു സമയം. വിസ്മൃതിയുടെ പഴംതാളുകളിൽ മങ്ങിപ്പോയ പല പഴയകാല രസകൂട്ടങ്ങളും ഓർമയിൻ നേരിപോടിൻ്റെ കനലിൽ നിന്ന് ഊതി കാച്ചി തിളക്കം ചാർത്തി എടുക്കാൻ അവർ നാലു പേരും അന്യോന്യം സഹായിച്ചു. ആ ശ്രമം, അവരെ അവരുടെ യൗവനത്തിലേക്കും ബാല്യത്തിലേക്കും തിരിച്ചു കൊണ്ടുപോയി. ആ സായാഹ്നം അവർക്ക് സമ്മാനിച്ചത് , ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവവും നല്ല ഓർമകളും തന്നെ ആയിരിക്കാം. ഇതൊക്കെ തന്നെ അല്ലെ ജീവിതത്തിൻ്റെ യഥാർഥ പൊരുൾ?! അത് നമ്മെ ഓർമിപ്പിക്കുന്നതോ, ജീവിതവേഗത്തിൻ്റെ ചുഴിയിൽ നട്ടം തിരിയുമ്പോഴും, സ്വന്തങ്ങളെ മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റാതെ, ആകസ്മികമായെങ്കിലും സമയം കണ്ടെത്തി, സ്നേഹം പങ്കിടുന്ന അവസരങ്ങൾ ഉണ്ടാക്കി കൂടിച്ചേർന്ന് ജീവിതത്തിന് വർധിത മൂല്യം സൃഷ്ടിക്കുക, എന്നല്ലേ? രാവുണ്ണി അപ്പൂപ്പനെന്ന ഒറ്റയാൻ പ്രസ്ഥാനത്തെ കുറിച്ച് ഞാൻ എന്തു എഴുതാൻ?! വീടിൻ്റെ ഉമ്മറതിണ്ണയില് തൻറെ കുട്ടികളുമായി പഴയകാലം അയവിറക്കുന്ന ശാന്തനും സൗമ്യനും ആയ അപ്പൂപ്പനെയാണ് നമ്മൾ ഫോട്ടോയിൽ കാണുന്നതും പരിചയമുള്ളതും.എന്നാൽ, വർഗരഹിത സമൂഹത്തിനും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി പോരാടിയ ഒരു "പോരാട്ട" നായകൻ്റെ മറ്റൊരു മുഖം; അതാണ് കേരളത്തിൻ്റെ പൊതുരാഷ്ട്രീയ വിപ്ലവ സമര ചരിത്രത്തിൽ അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തെ പറ്റി കുറച്ചെങ്കിലും അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തി, മാതൃഭൂമി പത്രവുമായുള്ള അദ്ദേഹത്തിൻ്റെ അഭിമുഖം വായിക്കുക. പറ്റുമെങ്കിൽ അദ്ദേഹം രചിച്ച "തടവറയും പോരാട്ടവും" എന്ന പുസ്തകം വായിക്കുക.https://archives.mathrubhumi.com/news/in-depth/interviews/mundoor-ravunni-ce90fa8eഇത് വരെ വായിച്ചുവെങ്കിൽ വളരെ നന്ദി. ഒരു അപേക്ഷ കൂടി. നമ്മുടെ മന്ദത്ത് പറമ്പിലെ പെൺകുട്ടികൾക്കും അപ്പൂപ്പനും വേണ്ടി, മന്ദത്ത് ഭഗവതിയുടെ മുമ്പിൽ ഒരു മൗന പ്രാർത്ഥന. ! എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.!
ബാബു(അരുണാചലം മകൻ ചാമിക്കുട്ടി മകൾ ശാന്തയുടെ മകൻ)
Comments
Post a Comment